മഴ കൊണ്ട് പോയവള്‍

Posted: ഒക്ടോബര്‍ 31, 2010 in Uncategorized

കാലത്തിനും, മിന്നല്‍പിണരുകള്‍ക്കും ,കൊടുംകാറ്റിനും, പേമാരികും അപ്പുറത്തൊരു ലോകം. കാലത്തിന്റെ നൈമിഷിക പരിണാമങ്ങളില്ല, ഇരുട്ടിന്റെ കനത്ത പാളികളില്ല. എങ്ങും അരിച്ചിറങ്ങുന്ന തെളിവാര്‍ന്ന ജൈവപ്രകാശം. സമയവും , ശൂന്യതയും കടന്നു ഏതോ മാത്രയില്‍ നിലകൊള്ളുന്ന ലോകം.   അനേക പ്രകാശ വര്‍ഷങ്ങള്‍ ഞാന്‍ ഓരോ നക്ഷത്രങ്ങളിലും സഞ്ചരിച്ചു. സൂര്യന്റെത് പോലെ ഉഗ്രനൊ ചന്ദ്രന്റെത് പോലെ ഉറഞ്ഞതൊ അല്ലാത്ത പ്രകാശം .മറ്റെന്തെങ്കിലും കണ്ടോ അവിടെ. ബാക്കി വന്നത് ഊളിയിട്ടു പോകുന്ന അജ്ജ്ഞാത സ്വപ്‌നങ്ങള്‍ .

 
ചില മണങ്ങള്‍ ,ചില സ്വരങ്ങള്‍ വന്നു തൊട്ന്നുണ്ട്. അങ്ങനെ ഞാനിപ്പോള്‍ ന്യൂട്രല്‍. 
 
കരിഞ്ഞുണങ്ങിയ മുറുവുകളിലേക്ക് നോക്കിയിരിക്കുന്നു ഒരുവള്‍. ഇവള്‍ക്ക് ഒന്ന് പടം പൊഴിച്ച് കൂടെ .എന്റെ ചിന്താ  ഭാരം എന്നെ തളര്‍ത്തുന്നു. തവിട്ടു നിറം കലര്‍ത്തി എന്റെ കാന്‍വാസിന്റെ പ്രതലതിലേക്ക് അവളെ   പ്രതിക്ഷ്ഠ നടത്തിയാലോ . മരണത്തിന്റെ തണുപ്പും വികാരത്തിന്റെ ചൂടും ഒന്ന് തുലാസിലാക്കണം   ചിന്തകള്‍ പിന്നെയും പിറക്കുന്നു. നിലവിളി ഇല്ലാതെ, വേദനയില്ലാതെ. മരണത്തിന്റെ തണുപ്പ് കല്ലിച്ചു കാണപ്പെടുന്നു . ഫ്രീസറിലെ ഐസ്കട്ട പോലെ. സ്ഥലം മാറുമ്പോള്‍ പതിയെ അലിയുമായിരിക്കും. വികാരങ്ങളുടെ ചൂട് ഉയര്‍ന്നു നീരാവിയായി അങ്ങ് മുകളിലേക്ക്. ഇപ്പോളെ കാണാനേ ഇല്ല ഹ! എന്തെളുപ്പം. കാഴ്ച്ചയ്ക്കപുറത്തുളളതൊന്നും  പ്രജ്ഞയില്‍ വേണ്ട.ഞാന്‍ അവളെ കാന്‍വാസിലേക്ക് കടത്തി രക്ഷപെടുത്തി.അവള്‍ തിരഞ്ഞെടുത്ത വര്‍ണങ്ങള്‍ തന്നെ അവള്‍ക്കു കൊടുത്തു.പാതിമയക്കത്തില്‍ ഉണര്‍ന്ന സ്വപ്നാടകയെ പോലെ അവളിപ്പോള്‍ സുന്ദരി . കടും നീലയില്‍ മുടിയിഴകള്‍ പിണഞ്ഞു പിണഞ്ഞു..
 
 കുന്നില്‍ ചെരുവില്‍ കാറ്റിനൊപ്പം ഊഞ്ഞാലാടി മഴകൂട്ടം. പിന്നില്‍നിന്നാരോ ആട്ടിവിട്ടപോലെ നിലം തൊടാതെ. മഴയോടൊപ്പം ചെരുവില്‍ നിന്നും ആട്ടിന്‍പറ്റം വെള്ള മേഘങ്ങള്‍ താഴോട്ടൊഴുകും പോലെ കൂട്ടത്തോടെ..ചിമ്മിനിക്കരുകില്‍ പ്രാവിന്റെ കുറുകല്‍
 
 ഇരുണ്ട കമ്പളത്തിലെവിടെയോ അനക്കങ്ങള്‍. എന്റെ കാന്‍വാസില്‍  നീര്‍ച്ചാലുകള്‍. മഴ ദെ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങുന്നു . തിരയിളക്കങ്ങളില്‍ നിറങ്ങള്‍ കുതിര്‍ന്നോഴുകുന്നു .ഒഴുകിയൊലിച്ചു നീങ്ങുന്ന നിറങ്ങളില്‍ ഞാന്‍ അവളെ കണ്ടെത്താന്‍  ശ്രമിക്കുന്നുണ്ട് .എന്നാല്‍ മഴ കാന്‍വാസില്‍ നീരോഴുക്കായി എല്ലാം മായ്ച്ചു
താഴെക്കൊഴുകുന്നു .എന്റെ ബ്രഷ് കറുപ്പില്‍ മുങ്ങി താഴുന്നു. അവളെ എന്നും അലട്ടിയിരുന്ന ആ ചുമന്ന മറുക് അത് അലിയാതെ ഒഴുക്കില്‍  . പക്ഷെ മഴ തോരുന്നില്ലലോ അത് കാന്‍വാസില്‍ കുത്തിയോലിക്കുകയല്ലോ എല്ലാം മായ്ച്ചു അവസാനമില്ലാതെ ..
 
ഋതുകള്‍ ഇല്ലാത്ത ലോകം ഓര്‍മ്മകളില്‍ പരത്തി ഞാന്‍ കണ്ണടച്ചു.പക്ഷെ ചെന്നെത്തിയത് കടല്‍ കന്യകമാരുടെ ചുരുള്‍ മുടികളായി ഉയരുന്ന തിരകളിലെക്കും പിന്നെ ചുഴികള്‍ ,കടല്‍ ചൊരുക്ക്
 
ബോധമണ്ഡലത്തില്‍ എന്റെ ചോദ്യം ഞാനെന്തിനായിരുന്നു അവള്‍ക്കു നീളമേറിയ ഭംഗിയുള്ള മുടിയിഴകള്‍ വരച്ചു ചേര്‍ത്തത് .?
 
 
 
 
 

ഒരു അഭിപ്രായം ഇടൂ